Sunday, 6 September 2015

അശ്ളീലം

ചക്രവേഗങ്ങളില്‍ അമര്‍ന്നു ഞെരിയുന്ന
പാളങ്ങള്‍
അക്രാന്ത വേഗതയില്‍
തുരന്ഗ്ഗത്തിലേക്ക് പാഞ്ഞു കയറുന്ന
തീവണ്ടി
ഭൂമിയുടെ മുലകളില്‍
മുത്തം നല്കുന്ന
കാര്‍മേഘം
തീരത്തെ പുണരുന്നതിരമാലകള്‍
ചാരിത്ര്യ ഭൂമികകളില്‍
കരുണയില്ലാത്ത ബാലാല്സന്ഗ്ഗ-
ക്കാരനെപ്പോല്‍
തുളച്ചു തുള്ളുന്ന
ജെ സി ബി...
ഒളിഞ്ഞു നോട്ടത്തിന്റെ 
വെബ്ക്യാമുമായി 
സൂര്യൻ 
പുഴയുടെ നഗ്ന മേനിയിൽ 
സൂചി മുഖമമർത്തുന്നു മഴ. 
ആകാശത്തിന്റെ വിരിമാറിൽ 
നഖക്ഷതങ്ങൾ തീർക്കുന്നു മിന്നൽ 
എല്ലാ രഹസ്യങ്ങളും 
കണ്ട് കണ്ട് 
കണ്ണുപൊത്തിച്ചിരിക്കുകയാണ് 
കൗശലക്കാരനായ 
രാ... ത്രി...