Sunday 11 September 2016

എന്തു തന്നു ?

പുഴനിനക്കെന്തൊന്നു - തന്നു കുഞ്ഞേയീ -
കടൽ നിനക്കെന്തൊന്നു തന്നു ?
നറുനിലാച്ചിരികോരിതന്നു -
പുഴയെനിക്കൊരു കുടം മുല്ലപ്പൂ തന്നു.
തിരകൊണ്ട് സ്വപ്‌നങ്ങൾ
നെയ്തു തന്നു കടൽ
കിഴവന്റെ കഥ ചൊല്ലിത്തന്നു
മാരുതനെന്തൊന്നു തന്നു കുഞ്ഞേയീ -
മാമല എന്തോന്ന് തന്നു ?
കാറ്റെനിക്കെന്താണ് തന്നതെന്നോ നല്ല -
കുളിരിന്റെ കുപ്പായം തന്നു.
മലയെനിക്കൊരുപാട്
മധുകുടം തന്നു
മധുരിക്കുമോര്മതൻ
നിറകുടം തന്നു.
അമ്പിളിയെന്തൊന്നു
തന്നു കുഞ്ഞേ നിന -
ക്കമ്പര മേന്തോന്നു തന്നു ?
അമ്പിളി എന്താണ് തന്നതെന്നോ-
എനിക്കൊരു കൊച്ചു
പൊന്നരിവാൾ  തന്നു...
സന്ധ്യാമ്പരമതിൻ സിന്ദൂര -ചെപ്പിൽ നിന്നൊരു നുള്ള്
കുങ്കുമം തന്നു....
കാടിന്റെ മടിയിൽ ഞാൻ
തല ചായ്ച്ചുറങ്ങവേ
കാടെനിക്കെന്താണ് തന്നതെന്നോ?
ഒരു മുളം തണ്ടിന്റെ ഉള്ളിൽ -നിന്നനുപമ 
സംഗീത മാധുരി പെയ്തു തന്നു...
മഴയുടെ മദ്ദളത്താളം മുറുകവേ
മഴയെനിക്കെന്താണ്
തന്നതെന്നോ ?
പളപളാ മിന്നുന്ന- കാൽച്ചിലമ്പ്...
ചിലുചിലെ മണിയുന്ന
പൊൻചിലമ്പ്‌.... (This poem published in മാതൃഭൂമി )

മൃത്യു

നിശ്‌ചയമില്ലാത്ത ഒന്ന്
നിരാകാരൻ
നിര്ദയൻ
ആരോടും ചോദിക്കാതെ
കടന്നു വരുന്ന അക്രമി
കാലൊച്ച കേൾപ്പിക്കാത്ത
കറുത്ത പൂച്ചയെപ്പോൽ
ചാടിവീഴുന്നതു
എവിടെ നിന്നാണെന്നു
അറിയുകയേയില്ല
ഒന്നിനെയും ഒപ്പം കൊണ്ടുപോകുവാൻ
സമ്മതിക്കാത്ത നീചൻ
വേദനകളുടെ
അന്തകനായ മിത്രം
സകലതും തട്ടിപ്പറിക്കുന്ന
ശത്രു ..

Sunday 6 September 2015

അശ്ളീലം

ചക്രവേഗങ്ങളില്‍ അമര്‍ന്നു ഞെരിയുന്ന
പാളങ്ങള്‍
അക്രാന്ത വേഗതയില്‍
തുരന്ഗ്ഗത്തിലേക്ക് പാഞ്ഞു കയറുന്ന
തീവണ്ടി
ഭൂമിയുടെ മുലകളില്‍
മുത്തം നല്കുന്ന
കാര്‍മേഘം
തീരത്തെ പുണരുന്നതിരമാലകള്‍
ചാരിത്ര്യ ഭൂമികകളില്‍
കരുണയില്ലാത്ത ബാലാല്സന്ഗ്ഗ-
ക്കാരനെപ്പോല്‍
തുളച്ചു തുള്ളുന്ന
ജെ സി ബി...
ഒളിഞ്ഞു നോട്ടത്തിന്റെ 
വെബ്ക്യാമുമായി 
സൂര്യൻ 
പുഴയുടെ നഗ്ന മേനിയിൽ 
സൂചി മുഖമമർത്തുന്നു മഴ. 
ആകാശത്തിന്റെ വിരിമാറിൽ 
നഖക്ഷതങ്ങൾ തീർക്കുന്നു മിന്നൽ 
എല്ലാ രഹസ്യങ്ങളും 
കണ്ട് കണ്ട് 
കണ്ണുപൊത്തിച്ചിരിക്കുകയാണ് 
കൗശലക്കാരനായ 
രാ... ത്രി... 


Sunday 31 May 2015

കലണ്ടര്‍

വെളുത്ത താളിന്‍ പുറത്ത് കള്ളി-
ക്കൂട്ടിലെയക്കങ്ങള്‍
കൊല്ലത്തിന്റെ കണക്കുംകാട്ടി-
ചുമരില്‍ തൂങ്ങുന്നു...
ദിനങ്ങള്‍ വെക്കം വെക്കം നമ്മെ-വിളിച്ചുണര്‍ത്തുന്നു,
നാളെ നാളെ എന്നൊരു സ്വപ്നം-
ചിരിച്ചു നില്‍ക്കുന്നു
നിരന്തരം നാം ഏടുകള്‍ നോക്കി-കുറിച്ച് വെക്കുന്നു..
ചരിത്രബുക്കില്‍ കയറിയ നാള്‍കള്‍
മനസ്സിലെത്തുന്നു
മധുരിതമാകും ദിനങ്ങള്‍ നമ്മില്‍
മോഹമുണര്ത്തുന്നു...
ദുരന്ത പൂരിത ദിനങ്ങള്‍ നമ്മെ-
ദുഖിതരാക്കുന്നു'''
മൃതിദിനമേതെന്നറിയാതെ നാം
നാടകമാടുന്നു ജീവിത നാടകമാടുന്നു

Thursday 21 May 2015

നഖങ്ങള്‍

അവ കാട്ട് നായ്ക്കളെപ്പോലെയാണ്
വല്ലാത്ത വിശപ്പാണവൈക്ക്
ക്രൂര നോട്ടവുമായി
ഏതു നിമിഷവും
ചാടി വീഴാന്‍നഖങ്ങള്‍ കൂര്‍പ്പിച്ചു
ചോര പുരണ്ട  നീളന്‍  നാവു നീട്ടി-അവ നമ്മുടെ അരികിലുണ്ട്
ചിലപ്പോള്‍
കൂട്ടമായിട്ടാണ് വരിക.
വളഞ്ഞു പിടിക്കാന്‍ പ്രത്യേക
കഴിവാണ്
ഒറ്റക്ക് കയ്യിലകപ്പെട്ടാല്‍ പെട്ടത് തന്നെ- വലിച്ചിഴക്കും-
കടിച്ചു കുടയും
പെരുവഴികളില്‍
കാര്യാലയങ്ങളില്‍
ഓടുന്ന ബസ്സില്‍
തീവണ്ടി മുറികളില്‍
നിസ്സഹായതയുടെ നിലവിളികളുയരുന്ന
അഭയസ്ഥാനങ്ങളില്‍ പോലും
അവ കാത്തു നില്‍പ്പുണ്ട്
ക്രൂര നോട്ടവുമായി
നഖങ്ങള്‍ കൂര്‍പ്പിച്ചു......

Saturday 16 May 2015

മോഹം

മാമാരക്കൊമ്ബിന്മേല്‍ ഊയലാടും-കുഞ്ഞി-
ക്കാറ്റായി മാറുവാന്‍ മോഹം
മാനത്തിന്‍ മുറ്റത്തെ
നക്ഷത്രക്കുഞ്ഞിന്റെ
ചങ്ങാതി ആകുവാന്‍മോഹം
മാമലതന്‍മേലുരുമ്മിക്കളിക്കുന്ന
മഞ്ഞായി ത്തീരുവാന്‍ മോഹം
മഞ്ജീര ശിന്ജിതം
പാടും പുഴയിലെ
കുഞ്ഞോളമാകുവാന്‍ മോഹം
സാഗരതീരത്ത് പൂമാല തീര്‍ക്കുന്ന- 
വന്‍തിരയാകുവാന്‍ മോഹം
കര്‍ക്കിടകത്തിന്റെ രോഷമായ് മാറുന്ന-
പേമാരിയാകുവാന്‍ മോഹം
വീണയില്‍ നിന്നുദ്ഗമിക്കുന്ന നൂതന-
സന്ഗീതമാകുവാന്‍ മോഹം...
സുന്ദരി തന്നുടെ ചുണ്ടിലായ് തന്ജുന്ന-
പുഞ്ചിരിആകുവാന്‍ മോഹം...
മോഹന സങ്ങല്പ്പ വഞ്ചി നയിക്കുന്ന-
പന്ഗായമാകുവാന്‍ മോഹം-
മോഹിക്കുവാനായി മാത്രമറിയുന്ന
മോഹിനിയാകുവാന്‍ മോഹം...[published in deshabhimaani azchappathippu]











Thursday 14 May 2015

മഴയും മഴവില്ലും

ഭാര്യയെ ഞാന്‍ മഴയെന്നു  വിളിച്ചു
കാമുകിയെ മഴവില്ലെന്നും..
മഴഎന്നും പെയ്തു കൊണ്ടിരുന്നു
മഴവില്ല്
തന്നത്
വര്ണങ്ങളുടെ
ഉത്സവക്കാഴ്ച