പുഴനിനക്കെന്തൊന്നു - തന്നു കുഞ്ഞേയീ -
കടൽ നിനക്കെന്തൊന്നു തന്നു ?
നറുനിലാച്ചിരികോരിതന്നു -
പുഴയെനിക്കൊരു കുടം മുല്ലപ്പൂ തന്നു.
തിരകൊണ്ട് സ്വപ്‌നങ്ങൾ
നെയ്തു തന്നു കടൽ
കിഴവന്റെ കഥ ചൊല്ലിത്തന്നു
മാരുതനെന്തൊന്നു തന്നു കുഞ്ഞേയീ -
മാമല എന്തോന്ന് തന്നു ?
കാറ്റെനിക്കെന്താണ് തന്നതെന്നോ നല്ല -
കുളിരിന്റെ കുപ്പായം തന്നു.
മലയെനിക്കൊരുപാട്
മധുകുടം തന്നു
മധുരിക്കുമോര്മതൻ
നിറകുടം തന്നു.
അമ്പിളിയെന്തൊന്നു
തന്നു കുഞ്ഞേ നിന -
ക്കമ്പര മേന്തോന്നു തന്നു ?
അമ്പിളി എന്താണ് തന്നതെന്നോ-
എനിക്കൊരു കൊച്ചു
പൊന്നരിവാൾ തന്നു...
സന്ധ്യാമ്പരമതിൻ സിന്ദൂര -ചെപ്പിൽ നിന്നൊരു നുള്ള്
കുങ്കുമം തന്നു....
കാടിന്റെ മടിയിൽ ഞാൻ
തല ചായ്ച്ചുറങ്ങവേ
കാടെനിക്കെന്താണ് തന്നതെന്നോ?
ഒരു മുളം തണ്ടിന്റെ ഉള്ളിൽ -നിന്നനുപമ
സംഗീത മാധുരി പെയ്തു തന്നു...
മഴയുടെ മദ്ദളത്താളം മുറുകവേ
മഴയെനിക്കെന്താണ്
തന്നതെന്നോ ?
പളപളാ മിന്നുന്ന- കാൽച്ചിലമ്പ്...
ചിലുചിലെ മണിയുന്ന
പൊൻചിലമ്പ്.... (This poem published in മാതൃഭൂമി )
Sunday, 11 September 2016
എന്തു തന്നു ?
Subscribe to:
Post Comments (Atom)
No comments:
Post a Comment